കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ കായികശേഷി വളർത്തുന്നതിനുള്ള പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി കൽപകഞ്ചേരി പഞ്ചായത്ത് ഭരണസമിതിയാണ് ഈ വർഷം എൽ.പി. സ്കൂളുകളിൽ ഫിസിക്കൽ ലിറ്ററസി പ്രോഗ്രാം നടപ്പാക്കുന്നത്.
പഞ്ചായത്ത് ഭരണസമിതി സ്വന്തമായി ഒരു കായിക അധ്യാപകനെ നിയമിച്ചുകൊണ്ടാണ് കുട്ടികൾക്ക് ഫിസിക്കൽ ലിറ്ററസി പ്രോഗ്രാം നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 11 എൽ.പി. സ്കൂളുകളിലും മാസത്തിൽ രണ്ടുദിവസം ഫിസിക്കൽ എജ്യുക്കേഷൻ നൽകുന്നതിനാണ് പദ്ധതി.
കായികശേഷി വളർത്തുന്നതിനും കുട്ടികളിലെ കായിക അഭിരുചി തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് തല ഉദ്ഘാടനം ജി.എൽ.പി. സ്കൂൾ കൽപകഞ്ചേരിയിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സബാഹ് ഫിസിക്കൽ ലിറ്ററസി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പള്ളിശ്ശേരി, സൂപ്പർവൈസർ പി.ടി.എ. പ്രസിഡന്റ് ഷക്കീർ അലി, എം.എം.സി. ചെയർമാൻ ജാസി, കായികാധ്യാപകൻ കൺനിർഷാദ്, അധ്യാപകരായ സുലൈമാൻ മാഷ്, സമീർമാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.