ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
സാംസ്കാരിക ചരിത്രം

സാംസ്കാരിക ചരിത്രം

പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളില്‍ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുര്‍ ആന്‍ പരിഭാഷകനായ മര്‍ഹും മുഹമ്മദ് അമാനി മൌലവി, മുദര്‍യ്യിസ് അബ്ദുറഹ്മാന്‍ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട് താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാല്‍പതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നതിനായി മയ്യത്തുകള്‍ എത്തിക്കാറുണ്ട്. 1911-ല്‍ കൊടക്കല്ലിങ്ങല്‍ സ്ഥാപിതമായ ബാസല്‍ മിഷന്‍ ഓടുകമ്പനിയില്‍ നിന്നും ആദ്യം ഉല്‍പാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേല്‍ക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കല്‍പകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വര്‍ഷത്തോളം പഴക്കമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ,് സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. നിമിഷകവി ആയിരുന്ന അദ്ദേഹം ജയിലില്‍ ആയിരുന്നപ്പോള്‍ കവിതകളുടെ രൂപത്തിലായിരുന്നു കത്തുകള്‍ അയച്ചിരുന്നത്. മാപ്പിളപാട്ട് രചയിതാവായ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൈവശമുണ്ട്. ഉന്നതമായ സാംസ്കാരികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിവിധ ജാതിമത വിഭാഗങ്ങള്‍ കല്‍പകഞ്ചേരി ഗ്രാമത്തില്‍ അധിവസിക്കുന്നുണ്ട്. ജാതിമത സ്പര്‍ദ്ധകളൊന്നും കൂടാതെ സഹിഷ്ണുതയോടെ ജീവിതം നയിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. മുസ്ളീം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണിവിടം. 35-ഓളം മുസ്ളീം പള്ളികളും ഈ ഗ്രാമത്തിലുണ്ട്. കുടുങ്ങാത്തുണ്ട് മാമുള്ളിക്കാവ് ക്ഷേത്രം, കല്ലിങ്ങല്‍പറമ്പ് “ഹൈവന്ദരം കാവ്” ക്ഷേത്രം, കരിനരപ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏക അംഗീകൃത ഗ്രന്ഥശാല 1980 മെയ് 1-ന് സ്ഥാപിതമായ കടുങ്ങാത്തുകണ്ടിലെ നാഷണല്‍ ലൈബ്രറിയാണ്. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ കീഴില്‍ പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന് ഒരു സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നുണ്ട്.