ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
വിദ്യാഭ്യാസ ചരിത്രം

വിദ്യാഭ്യാസ ചരിത്രം

സന്നദ്ധ പ്രവര്‍ത്തകരും മഹത്വ്യക്തികളും നാടിന്റെ വിദ്യാഭ്യാസവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമായ കല്‍പകഞ്ചേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 1958-ലാണ് ആരംഭിക്കുന്നത്. ഹൈസ്കൂളിന് ആവശ്യമായ സ്ഥലം എം.എ.മൂപ്പന്‍ സംഭാവന നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നാട്ടുകാരില്‍ നിന്നും 10000 രൂപയും, ബ്ളോക്കില്‍ നിന്ന് 10000 രൂപയും സ്വരൂപിച്ചുകൊണ്ട് 5 ക്ളാസ്സുമുറികളുള്ള കെട്ടിടം നിര്‍മ്മിച്ചുനല്‍കി. പഞ്ചായത്തിലെ പല ഭാഗങ്ങളിലും ആദ്യകാലത്ത് മതപഠനവും ഭൌതികപഠനവും ഒന്നിച്ചു നടന്നിരുന്ന ഓത്തുപള്ളികള്‍ നിലവിലുണ്ടായിരുന്നു. ഇവയാണ് പലയിടത്തും പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സാഹചര്യമൊരുക്കിയത്. ഇതാണ് പഞ്ചായത്തിന്റെ പുരാതന ഔപചാരിക വിദ്യാഭ്യാസ ചരിത്രം. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ പഞ്ചായത്തില്‍ 1902-ല്‍ സ്ഥാപിതമായ വിദ്യാലയമാണ് കല്‍പകഞ്ചേരി പാലേത്ത് ജി.എം.എല്‍.പി.സ്കൂള്‍. തുടര്‍ന്ന് പാറപ്പുറം ജി.എം.എല്‍.പി, കാനാഞ്ചരി ജി.എം.എല്‍.പി, ഐരാനി ജി.എം.എല്‍.പി എന്നീ സ്കൂളുകള്‍ സ്ഥാപിതമായി. കിഴക്കെപുറം മുഹിയദ്ദീന്‍ പള്ളിക്കല്‍ തങ്ങന്മാര്‍, കിഴക്കെ പുറത്ത് സ്ഥാപിക്കുകയും, തുടര്‍ന്ന് രണ്ടത്താണിയിലേക്ക് മാറ്റുകയും ചെയ്ത സ്ക്കൂളാണ് ഇന്നത്തെ രണ്ടത്താണി ജി.യു.പി.സ്ക്കൂള്‍. അക്കാലത്തു തന്നെ മൊല്ലാക്കമാര്‍ ഓത്തുപള്ളിക്കൂടങ്ങള്‍ എന്ന പേരില്‍ നടത്തിയിരുന്ന വിദ്യാലയങ്ങളാണ് കാലാന്തരത്തില്‍ തോഴനൂര്‍ വെസ്റ്റ് എ.എം.എല്‍.പി.സ്ക്കൂളും, തോഴനൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്ക്കൂളുമായി മാറിയത്. സ്ത്രീ വിദ്യാഭ്യാസ പ്രോത്സാഹനാര്‍ത്ഥം പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന്, കല്‍പകഞ്ചേരി മേലെ അങ്ങാടിയില്‍ സ്ഥാപിതമായ ഗവണ്‍മെന്റ് ബോര്‍ഡ് മാപ്പിള യു.പി.സ്ക്കൂള്‍ പിന്നീട് കല്‍പകഞ്ചേരി ഗവ.ഹൈസ്ക്കൂള്‍ ആയി മാറുകയും, അതില്‍ നിന്ന് എല്‍.പി. വിഭാഗം വേര്‍തിരിച്ചു കല്‍പകഞ്ചേരി ജി.എല്‍.പി.എസ്സ് ഉണ്ടാവുകയും തുടര്‍ന്ന്, മഞ്ഞച്ചോല ജി.എം.എല്‍.പി.എസ്, തോഴന്നൂര്‍ എം.എ.എല്‍.പി.എസ്, കഴിങ്ങല്‍ പറമ്പ് ചിനക്കല്‍ എം.എസ്സ്.എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവ സ്ഥാപിതമാവുകയും ചെയ്തു.